വാഷിംഗ്ടൺ ഡിസി: ശത്രുരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കുന്നതിനായി തന്ത്രപ്രധാനമായ ബഹിരാകാശ ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് ആണ് മേരിലാൻഡിൽ നടന്ന 'എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ' ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കൻ സേനയ്ക്കും ഉപഗ്രഹങ്ങൾക്കുമെതിരേയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിന്യാസമാണു നടത്തിയതെന്നു മെയ്ങ്ക് വ്യക്തമാക്കി. എന്നാൽ, വിന്യസിച്ച ആയുധങ്ങളുടെ സ്വഭാവം, സാങ്കേതികവിദ്യ, എണ്ണം, എന്നു മുതലാണു ഭ്രമണപഥത്തിൽ പ്രവർത്തിച്ചു തുടങ്ങിയതു തുടങ്ങിയ വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ അദ്ദേഹം പുറത്തുവിട്ടില്ല.
ചൈനയ്ക്കും റഷ്യക്കും വ്യക്തമായ മുന്നറിയിപ്പ്
ബഹിരാകാശ ആധിപത്യത്തിനായി ചൈനയും റഷ്യയും തങ്ങളുടെ സൈനിക-ഉപഗ്രഹ ശേഷികൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണു യുഎസിന്റെ നിർണായക നീക്കം. റഷ്യയും ചൈനയും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന ലേസർ സാങ്കേതികവിദ്യകൾ, കമ്യൂണിക്കേഷൻ ജാമിംഗ്, ശത്രു ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതായി അമേരിക്കൻ പ്രതിരോധകേന്ദ്രങ്ങൾ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ചൈനയോ റഷ്യയോ നടത്തുന്ന ഏതുതരം ആക്രമണങ്ങൾക്കും ബഹിരാകാശത്തുനിന്നുതന്നെ നേരിട്ടു മറുപടി നൽകാൻ സജ്ജമാണെന്ന ശക്തമായ സന്ദേശമാണു പരസ്യ പ്രഖ്യാപനത്തിലൂടെ യുഎസ് നൽകുന്നത്.
ബഹിരാകാശ യുദ്ധഭീതി
1967-ലെ അന്താരാഷ്ട്ര 'ഔട്ടർ സ്പേസ് ട്രീറ്റി' പ്രകാരം ബഹിരാകാശത്ത് അണവായുധങ്ങളോ വ്യാപക നശീകരണ ആയുധങ്ങളോ വിന്യസിക്കുന്നതു നിരോധിച്ചിട്ടുണ്ട്. എന്നാൽ, പരമ്പരാഗത സൈനിക ആയുധങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ എന്നിവയ്ക്കു കരാറിൽ പൂർണ നിരോധനമില്ല. ഈ നിയമപരമായ സാങ്കേതികത്വം ഉപയോഗപ്പെടുത്തിയാണ് അമേരിക്ക ഭ്രമണപഥത്തിൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയത്.
ബഹിരാകാശ സാങ്കേതികവിദ്യകൾ വഴി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉപയോഗിച്ച് ശത്രു ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ വിച്ഛേദിക്കാനും, ആവശ്യമെങ്കിൽ അവയെ പ്രവർത്തനരഹിതമാക്കാനുമുള്ള ശേഷി യുഎസ് ആയുധങ്ങൾക്കുണ്ടെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്.
യുഎസ് സ്പേസ് ഫോഴ്സിന്റെ ഈ നടപടിയോടെ കരയിലും കടലിലും ആകാശത്തും മാത്രമായിരുന്ന സൈനിക മത്സരം ഇനി ബഹിരാകാശ മേഖലയിലും ശക്തമാകുകയാണ്.